മൈഗ്രെയ്ൻ ഉണ്ടോ? ശ്രദ്ധിക്കൂ

തയ്യാറാക്കിയത്: ഡോ. സോണിയ ടാംബേ, എംഡി, ഡിഎം (ന്യൂറോളജി), കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്, എപ്പിലപ്‌ടോളജിസ്റ്റ്, കാവേരി ഹോസ്പിറ്റല്‍, ഇലക്ട്രോണിക് സിറ്റി,ബംഗളൂരു

മൈഗ്രെയ്ൻ ചികിത്സയ്ക്ക് പുറമെ രോഗമുള്ളവര്‍ സ്വീകരിക്കേണ്ട ചില മാര്‍ഗ്ഗങ്ങളിലൂടെ വേദന കുറയ്ക്കാന്‍ സാധിക്കും. അതെന്തൊക്കെയാണെന്ന് നോക്കാം

ശാന്തമായ അന്തരീക്ഷം തെരഞ്ഞെടുക്കുക: മൈഗ്രെയ്‌നിന്റെ ആദ്യ വേദന ഉണ്ടാകുന്ന നിമിഷം തന്നെ നിങ്ങള്‍ ശാന്തമായ ഒരു ചുറ്റുപാടിലേക്ക് മാറുക. ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ കഴിയുമെങ്കില്‍ നിര്‍ത്തിവെയ്ക്കുക.

ഇരിക്കുന്ന സ്ഥലത്തെ ലൈറ്റുകള്‍ ഓഫ് ചെയ്യുക: വെളിച്ചം കൂടുന്നത് മെഗ്രൈയ്‌നിന്റെ വേദന കൂടാന്‍ കാരണമാകും. ഇരുട്ടുള്ള മുറിയില്‍ കുറച്ച് നേരം വിശ്രമിക്കുക. കഴിയുമെങ്കില്‍ നന്നായി ഒന്ന് ഉറങ്ങുക

ടെംപറേച്ചര്‍ തെറാപ്പി: ചുടുള്ളതോ തണുത്തതോ ആയ വെള്ളം കൊണ്ട് മുഖവും കഴുത്തും തുടച്ചെടുക്കുന്നത് നല്ലതാണ്. ചൂടുള്ള വെള്ളം നിങ്ങളുടെ പേശികൾക്ക് വിശ്രമം നൽകാൻ സഹായിക്കും. സമ്മര്‍ദ്ദവും കുറയ്ക്കും

കാപ്പി കുടിയ്ക്കുക: ചെറിയ വേദനകളാണ് അനുഭവപ്പെടുന്നതെങ്കില്‍ കാപ്പി കുടിയ്ക്കുന്നത് നല്ലതാണ്. കാപ്പിയിലെ കാഫീന്‍ എന്ന ഘടകം മൈഗ്രെയ്‌നെതിരെ പ്രവര്‍ത്തിക്കുന്നു, പക്ഷേ അമിതമാവരുത്

നന്നായി ഉറങ്ങുക: രാത്രിയുറക്കം പ്രധാനമാണ്. അതിനാല്‍ നല്ലരീതിയില്‍ ഉറങ്ങാന്‍ ശ്രമിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ കിടക്കണം. പകല്‍ സമയം 30മിനിറ്റില്‍ കൂടുതല്‍ കിടന്നുറങ്ങരുത്

കിടപ്പുമുറിയിലിരുന്ന് ജോലി ചെയ്യുകയോ ടിവി കാണുകയോ ചെയ്യരുത്: കിടക്കുന്നതിന് മുമ്പ് കഫീന്‍ അടങ്ങിയ പാനീയം, ആല്‍ക്കഹോള്‍, എന്നിവ ഒഴിവാക്കുക

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക: പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, ചോക്കലേറ്റ്, കൃത്രിമ മധുരം ചേര്‍ത്ത പലഹാരങ്ങള്‍, എംഎസ്ജി അടങ്ങിയ ഭക്ഷണം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക

സ്ഥിരമായി വ്യായാമം ചെയ്യുക: സ്ഥിരമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. എയറോബിക് വ്യായാമങ്ങളായ നടത്തം, ഓട്ടം, സൈക്ലിംഗ്, എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക. കൂടാതെ യോഗ ശീലമാക്കുന്നതും മൈഗ്രെയ്ന്‍ വേദന കുറയ്ക്കാന്‍ സഹായിക്കും

സമ്മര്‍ദ്ദം കുറയ്ക്കുക: സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ മൈഗ്രെയിനെ ഒരുപരിധി വരെ നിയന്ത്രിക്കാനാകും. ജോലിയ്ക്കിടെ അല്‍പ്പസമയം ബ്രേക്ക് എടുക്കുകയോ, മറ്റുള്ളവരുമായി സംസാരിക്കുകയോ ചെയ്യുക