ചാണ്ടി ഉമ്മൻ മാത്രമല്ല; നിയമസഭയിൽ വേറെയുമുണ്ട് അനന്തരാവകാശികൾ

ചാണ്ടി ഉമ്മൻ കൂടി എത്തിയതോടെ കേരള നിയമസഭയിൽ കുടുംബത്തിൽ നിന്നുള്ള രാഷ്ട്രീയ പിൻഗാമികളുടെ എണ്ണം 13 ആയി. ഇതിൽ മക്കളും ഭാര്യയും സഹോദരങ്ങളുമുണ്ട്

 ഡോ. എം കെ മുനീർ (IUML) 

മുസ്ലിം ലീഗ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ മകൻ. 1991ലായിരുന്നു കോഴിക്കോട് സൗത്തിൽ നിന്നുള്ള മുനീറിന്റെ കന്നിമത്സരവും വിജയവും.

പി എസ് സുപാൽ (CPI)

രണ്ടുതവണ പുനലൂർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പി കെ ശ്രീനിവാസന്റെ മകൻ. 1996ൽ വോട്ടെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിക്കും മുമ്പായിരുന്നു ശ്രീനിവാസൻ അന്തരിച്ചത്. ഉപതെരഞ്ഞെടുപ്പിൽ സുപാൽ ജയിച്ചു

കെ ബി ഗണേഷ് കുമാർ (KC-B)

കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മന്ത്രിയുമായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ മകൻ. അച്ഛൻ സജീവ രാഷ്ട്രീയത്തിലുള്ളപ്പോൾ തന്നെ ഗണേഷ് 2001ല്‍ പത്തനാപുരത്ത് നിന്ന് യമസഭയിലെത്തി.

 കെ പി മോഹനൻ (LJD)

സോഷ്യലിസ്റ്റ് നേതാവും രണ്ടുതവണ മന്ത്രിയുമായിരുന്ന പി ആർ കുറുപ്പിന്റെ മകൻ. ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രി. ഇപ്പോൾ എൽഡിഎഫിനൊപ്പം

പ്രൊഫ. എൻ ജയരാജ് (KC-M)

കേരള കോൺഗ്രസ് എം നേതാവും മുൻമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന അന്തരിച്ച കെ നാരായണക്കുറുപ്പിന്റെ മകൻ. 2006ൽ വാഴൂരിൽ നിന്ന് സഭയിലെത്തി

പി കെ ബഷീർ (IUML)

എംഎൽഎയും ചീഫ് വിപ്പുമായിരുന്ന മുസ്ലിം ലീഗ് നേതാവ് പി സീതിഹാജിയുടെ മകൻ. 2011ൽ ഏറനാട്ട് നിന്ന് ആദ്യമായി നിയമസഭയിലെത്തി

അനൂപ് ജേക്കബ്  (KC -Jacob)

മുൻമന്ത്രി ടി എം ജേക്കബിന്റെ മകൻ. 2011ൽ ജേക്കബ് അന്തരിച്ചതിന് പിന്നാലെയാണ് അനൂപ് ജേക്കബ് ഉപതെരഞ്ഞെടുപ്പിൽ പിറവത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്

വി ആർ സുനിൽകുമാർ (CPI)

സിപിഐ നേതാവും മുൻമന്ത്രിയുമായിരുന്ന വി കെ രാജന്റെ മകൻ. 2016ല്‍ കൊടുങ്ങല്ലൂരിൽ നിന്ന് നിയമസഭയിലെത്തി

കെ ഡി പ്രസേനൻ (CPM)

ദീർഘനാൾ ആലത്തൂർ എംഎൽഎ ആയിരുന്ന ആർ കൃഷ്ണന്റെ കൊച്ചുമകൻ. 2016 മുതൽ ആലത്തൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിൽ

ഡോ. സുജിത് വിജയൻപിള്ള (LDF)

2016ൽ ചവറയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇടത് സ്വതന്ത്രൻ എൻ വിജയൻപിള്ളയുടെ മകൻ. 2021ൽ ഷിബു ബേബിജോണിനെയാണ് പരാജയപ്പെടുത്തിയത്

തോമസ് കെ തോമസ് (NCP)

മുൻമന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടിയുടെ സഹോദരൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് സഭയിലെത്തി

ഉമാ തോമസ് ( INC)

പി ടി തോമസിന്റെ മരണത്തിന് പിന്നാലെ തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിലാണ് ഭാര്യ ഉമാ തോമസ് വിജയിച്ചത്. സഭയിലെ കോൺഗ്രസിന്റെ ഏക വനിത