ചെരുപ്പ് തിരഞ്ഞെടുക്കുന്നത് ട്രെൻഡിന് അനുസരിച്ചാണോ?

അണിയുന്ന വസ്ത്രത്തിനും ട്രെൻഡിനുമൊക്കെ അനുസരിച്ചാണ് നമ്മൾ ചെരുപ്പും ഷൂവുമൊക്കെ തിരഞ്ഞെടുക്കാറ്. എന്നാൽ ചെരുപ്പുകൾ തിരഞ്ഞെടുക്കേണ്ട ശരിയായ രീതി ഇതല്ല.

കാലാവസ്ഥ നോക്കി വേണം ചെരുപ്പുകൾ ധരിക്കാൻ. പൊടിയും ചെളിയുമൊക്കെ ഉണ്ടാവുമെങ്കിലും ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം തുറന്ന് ചെരുപ്പുകളാണ്.‌

ചൂട് സമയത്ത് തുറന്ന പാദരക്ഷകൾ ധരിക്കുന്നതാണ് നല്ലത്. വിയർപ്പുമൂലം ഉണ്ടാകുന്ന അണുബാധ തടയാൻ ഇത്തരം ചെരുപ്പ് ഇടുന്നതിലൂടെ സാധിക്കും.

വായുസഞ്ചാരത്തിനും പാദത്തെ തണുത്തതാക്കി നിലനിർത്താനും വിയർപ്പ് അടിഞ്ഞുകൂടുന്നതു തടയാനും തുറന്ന പാദരക്ഷകൾ സഹായിക്കും.

എന്നാൽ തണുപ്പുകാലത്ത് ഷൂ ധരിക്കുന്നതാകും നല്ലത്. കാലു മൂടിക്കിടക്കുന്ന ചെരിപ്പുകൾ തണുപ്പുകാലത്ത് ധരിക്കാം.

കാൽ മൂടുന്ന തരത്തിലുള്ള ഷൂസുകളും ചെരുപ്പും ഉപയോഗിക്കുന്നത് ചിലരിൽ ചർമപ്രശ്നങ്ങൾക്കും അലർജിക്കും കാരണമായേക്കും.

ചിലരിൽ അത്‌ലറ്റ്സ്ഫൂട്ട് എന്ന അവസ്ഥയുണ്ടാക്കും. പാദങ്ങളിലെ ചർമത്തെ ബാധിക്കുന്ന ഒരുതരം ഫംഗൽ അണുബാധയാണിത്.

കാല് നന്നായി കഴുകി വൃത്തിയായി സൂക്ഷിക്കുന്നതും അയഞ്ഞ സോക്സ് ധരിക്കുന്നതും ടവലുകൾ പങ്കുവയ്ക്കാതിരിക്കുന്നതും ഇത്തരം അണുബാധകളെ തടയും. 

തുറന്ന പാദരക്ഷകൾ ധരിക്കുന്നവർ പാദങ്ങൾക്ക് വേണ്ട പരിചരണവും നൽകണം. രാത്രി പാദങ്ങൾ വൃത്തിയായി സൂക്ഷിക്കണം. മോയ്സ്ചറൈസർ പുരട്ടാം.